വയലാർ – കവിതയുടെയും സിനിമാ ഗാനങ്ങളിലൂടെയും വിപ്ലവപാത വെട്ടിത്തെളിച്ച മഹാരഥൻ. നാല്പത്തിഏഴാം വയസ്സിൽ (1975) നമ്മെ വിട്ടു പിരിയും വരെ അദ്ദേഹം തന്ന വരികൾ ഇന്നും പ്രസക്സ്തമായി നമ്മിൽ സ്പുരണം കൊള്ളുന്നു.
ചില കവിതകളിലേക്ക് :
എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്
“ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല”
എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു, കവി തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നു.
“മനുഷ്യ മസ്തിഷ്ക്കത്തോടല്ല,
മാംസത്തോടല്ല,
മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ..
പടവാളിനേക്കാളും വീണയ്ക്കേ
വൈകാരിക പരിവർത്തനങ്ങളെ
മനസ്സിൽ തീർക്കാനാവൂ.
നാലുകെട്ടുകൾക്കുള്ളിൽ
പൂർവ്വികരുടെ പടവാളിനു
പൂവർച്ചിച്ച പൂണൂലിൻ പാരമ്പര്യം
അവയോടൊപ്പം വലിച്ചെറിഞ്ഞ്,
മനുഷ്യന്റെ കവിയായ്
ദശാബ്ദങ്ങൾ പിന്നിട്ടു വരുന്നു ഞാൻ
അറിയില്ലെങ്കിൽ വന്നു ചോദിക്കാൻ കൂടി പറഞ്ഞു വച്ചിട്ടാണ് വയലാർ നിർത്തുന്നത് 🙂
കല്യാണസൌഗന്ധികം
അതി മനോഹരമായി ഭീമസേനന്റെ കല്യാണ സൗഗന്ധികപ്പൂ കഥ പറയുന്നൂ കവി. സ്വന്തം ശക്തിയിൽ മതി മറന്ന്, അഹങ്കരിച്ചു, കാണുന്നതെല്ലാം തച്ചുടച്ചു നടന്ന ഭീമസേനന്റെ മുന്നിലിതാ “ഒരു മുതുക്കൻ കുരങ്ങൻ”
“വായുവേഗത്തില്‍ കാലത്തിന്‍റെ വീഥിയിലൂടെ
പായുമെന്‍ എന്‍റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
എന്‍റെ കാല്‍ചവിട്ടേറ്റു മരിക്കാന്‍ കിടക്കുന്ന തെണ്ടിയാര്
ഇവനൊരു മൃഗമോ മനുഷ്യനോ?”
രണ്ടുനാലടി മാറിപോകാൻ കുരങ്ങൻ അപേക്ഷിക്കുന്നുണ്ട്, പക്ഷെ ഭീമസേനൻ കത്തിജ്വലിച്ചു :
“കളിയാക്കുവാന്‍ കുരങ്ങന്മാര്‍ക്കെങ്ങനെ നാവുണ്ടായി”
കുരങ്ങനെ കണ്ടു ഭീമൻ സംശയിക്കുന്നത് നോക്കുക :
“എവറസ്റ്റാരോഹണക്കാരനോ ?
രാജ്യത്തിന്‍റെ അതിരാക്രമിക്കുന്ന
ചീനനോ ചെകുത്താനോ ?”
ഭീമൻ ഈ അടുത്തിടെ നമുക്കിടയിൽ ജീവിച്ചിരുന്ന ഒരാളോ , അതോ നമ്മൾ തന്നെയോ എന്നു സംശയിപ്പിക്കുന്ന വരികൾ .
ഒടുവിൽ തൻ്റെ ഗദകൊണ്ട് ആ തെണ്ടിതൻ വാല് ഇത്തിരി തോണ്ടി മാറ്റുവാൻ നോക്കുന്ന ഭീമസേനന്റെ നിസ്സഹായാവസ്ഥ – നമ്മളെയും അതേ അനുഭൂതിയിലേക്കു തള്ളിവിടുന്നു വയലാർ. ഓരോ വായനയിലും ഓരോ തിരിച്ചറിവുകൾ പകർന്നു തരുന്ന വരികൾ. ഒടുവിൽ തളർന്നിരിക്കുന്ന നമ്മുടെ തോളിൽ കയ്യിട്ട് വയലാർ പറയുന്നു :
“ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ, നീയാ-
നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!”
താടക എന്ന ദ്രാവിഡ രാജകുമാരി
ഈ കവിത ഇന്നാണ് അച്ചടിച്ചു വരുന്നതെങ്കിൽ നടക്കാവുന്ന കലാപങ്ങളെകുറിച്ചാണ് ഞാൻ ഇടയ്ക്കിടെ ഓർത്തു ഭയപെടാറുള്ളത്. അതിമനോഹരമായ ആലാപന ചാതുര്യമുള്ള കവിതയാണ് “താടക”.
ഇവിടെയും ദൈവങ്ങൾ മനുഷ്യരാകുന്നു. ശ്രീരാമചന്ദ്രൻ ഒരുവേള നമ്മൾ തന്നെയാകുന്നു. അനുരാഗവും വ്യഥയും വാക്കുകൾക്കിടയിലൂടെ മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിക്കപ്പെടുന്നു. ഒരുവേള, പുത്രീ വിയോഗ വ്യഥയിൽ ഓരോ സഹൃദയനും വിന്ധ്യാചലമാകുന്നു!
“വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക “
വയലാറിന്റെ വരികളെല്ലാം, എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ആയിരം എന്ന് ഓർമിപ്പിക്കുന്ന കവിത. ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ തിസ്യുസ് രാജകുമാരന്‍, ക്രൂരനായ പ്രൊക്രൂസ്റ്റസിനെ അടിച്ചു വീഴ്ത്തി കൈകാലുകൾ അരിഞ്ഞു കളയുന്നു. തിസ്യുസ് അന്നുമുതൽക്ക്, യവന ചരിത്രത്തെയാകെ പുളകം കൊള്ളിച്ച നക്ഷത്രക്കതിരായി.
കഥ അവിടെനിന്നാണ് തുടങ്ങുന്നത്, കവിത അവിടെനിന്നാണ് തുടങ്ങുന്നത് :
അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ…
പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടനപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കാട്ടില്‍ കൂട്ടീ.
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍….
പച്ചമനുഷ്യനെ വിളിച്ചിരുത്തീ
പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവര-
ട്ടഹസിപ്പൂ നാട്ടില്‍..
അവരുടെ കട്ടിലിനേക്കാള്‍ വലുതാ-
ണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തി-
ക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാ-
ണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവ-
രവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍
നില്‍ക്കുകയാണീ നാട്ടില്‍…”
കവി ആത്മഗതം ചെയ്യുകയാണ് :
“ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ, പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ”
ഓരോ രാഷ്ട്രീയ പാർട്ടികളുടെ ചിത്രങ്ങളും അനുവാചകൻറെ മനസ്സിലേക്കിപ്പോൾ തെളിഞ്ഞിട്ടുണ്ടാകും. ഓരോ രാഷ്ട്രീയ സംഭവവികാസങ്ങളും ഓർമ്മയിൽ വിടരും. ഇനി സ്വയം പരിശോധനയ്ക്കുള്ള സമയമാണ്.
