Poem: Ente Kavitha Vilpanaykkundu, Sajeev
ഇത് എന്റെ കവിതയാണ്:
ഇതിൽ,
ചോരയും വിയർപ്പുമില്ല
ആളും ആരവങ്ങളുമില്ല
ആണും പെണ്ണും ഇല്ല
ഭക്ഷണവും വിശപ്പുമില്ല
യുവതയും വാർദ്ധക്യവുമില്ല
മണ്ണും മാനവുമില്ല
ഭാഷയും വേഷവുമില്ല
ജാതിയും മതവുമില്ല.
ബന്ധങ്ങളെ ഞാൻ എപ്പോളും
ലാഭ നഷ്ട കണക്കു പുസ്തകത്തിലാണ്
സൂക്ഷിക്കാറുള്ളത്
ചിലതെന്നാൽ
എൻ്റെ ആസ്തിയുടെയും ബാധ്യതയുടെയും
പട്ടികകളിൽ ഇടം പിടിച്ചു.
എൻ്റെ മനസ്സും കവിതകളും
ഞാൻ എന്നെ തന്നെ
സന്തോഷിപ്പിക്കാൻ മാത്രമാണ്
ഉപയോഗിക്കാറുള്ളത്
ഉപയോഗം കഴഞ്ഞാൽ
പലതിനും എൻ്റെ കൺകോണിൽ
നിറം മങ്ങും;
ബന്ധങ്ങൾക്ക് പോലും.
ഉറ്റ മിത്രങ്ങളോട്
എനിക്ക് ആത്മാർത്ഥതയില്ല
കാര്യം നടന്നു കഴിഞ്ഞാൽ
ഞാൻ
അവരെ മറക്കാറാണ് പതിവ്.
ഭാര്യയും മക്കളും
ഇടയ്ക്കിടെ
ലാഭ നഷ്ട കണക്കു പുസ്തകത്തിൽ
കയറി ഇരിക്കാറുണ്ട്
പറഞ്ഞു വന്നത്
എൻ്റെ കവിതയെപ്പറ്റി:
യഥാർത്ഥ വിൽപ്പനക്കാരൻ
അവൻ്റെ വില്പന വസ്തുവിനെപ്പറ്റി മാത്രം
ഒന്നും സംസാരിക്കാൻ
പാടില്ലെന്നാണ്
എൻ്റെ
മാനേജ്‌മെന്റ് നിയമം.

മനോഹരം